Pages

Wednesday, 24 December 2014

സേവിംഗ്‌സ്‌ അക്കൗണ്‌ട്‌ എന്ന കാശുപെട്ടി

ജോയി ഫിലിപ്പ്‌

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കിംഗ്‌ ഇടപാടുകള്‍ നടത്തുന്നതിനും ബാങ്കിംഗ്‌ സേവനങ്ങള്‍ സ്വീകരിക്കുന്നതിനുമുളള ആദ്യത്തെ ചുവടുവയ്‌പാണ്‌ ഏതെങ്കിലും ബാങ്കില്‍ അക്കൗണ്‌ട്‌ ഉണ്‌ടായിരിക്കുക എന്നത്‌. ഇടപാടുകളുടെ അടിസ്ഥാനത്തില്‍ നിരവധി വ്യത്യസ്‌തമായ അക്കൗണ്‌ടുകള്‍ ബാങ്കുകള്‍ ലഭ്യമാക്കിയിട്ടുണ്‌ട്‌. പലപ്പോഴും ബാങ്കുകളില്‍ പോകുകയും ഇടപാടുകള്‍ നടത്തുകയുമൊക്കെ ചെയ്‌തിട്ടുണെ്‌ടങ്കിലും അക്കൗണ്‌ടുകള്‍കൊണ്‌ടുള്ള പ്രയോജനങ്ങളെക്കുറിച്ചും മറ്റും ഒരിക്കലും ചിന്തിച്ചിട്ടുണ്‌ടാവില്ല. പലതരം അക്കൗണ്‌ടുകള്‍ ലഭ്യമാണെന്ന കാര്യവും അറിവുണ്‌ടായിരിക്കുകയില്ല.


സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ബാങ്കിംഗ്‌ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സഹായിക്കുന്നതാണ്‌ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്‌ടുകള്‍.

സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്‌ട്‌

ഏറ്റവും ലളിതവും പ്രാഥമികവുമായ അക്കൗണ്‌ടാണിത്‌. വീട്ടില്‍ കാഷ്‌ സൂക്ഷിക്കുന്നതിനു പകരമുളള ഒരു സംവിധാനമെന്നു പറഞ്ഞാലും തെറ്റില്ല. വ്യക്തികളില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കുവാനും ഇതു ലക്ഷ്യമിടുന്നു.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും (വാണിജ്യ ഇതര ഇടപാടുകള്‍ക്ക്‌) സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്‌ട്‌ തുറക്കാം. രണേ്‌ടാ അതിലധികമോ പേര്‍ക്ക്‌ യോജിച്ച്‌ സംയുക്തമായി അക്കൗണ്‌ട്‌ തുറക്കാം. ഇതു വഴി ബാങ്കുകളിലെ മറ്റ്‌ ധനകാര്യ സേവനങ്ങളിലേയ്‌ക്ക്‌ ഓട്ടോമാറ്റിക്കായി പ്രവേശനം കിട്ടുന്നു.

ചെറിയൊരു തുക കൊടുത്ത്‌ അക്കൗണ്‌ട്‌ തുറക്കാന്‍ സാധിക്കും. ചെക്ക്‌ സൗകര്യമുളള സേവിംഗ്‌സ്‌ അക്കൗണ്‌ടുകള്‍ക്ക്‌ മിനിമം ബാലന്‍സ്‌ അക്കൗണ്‌ടിലുണ്‌ടായിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കാറുണ്‌ട്‌. സീറോ ബാലന്‍സ്‌ അനുവദിക്കുന്ന സേവിംഗ്‌സ്‌ അക്കൗണ്‌ടുകളും ലഭ്യമാണ്‌. ഈ അക്കൗണ്‌ടില്‍ നിന്ന്‌ ഉടമസ്ഥന്‌ ആവശ്യമുളളപ്പോള്‍ പണം പിന്‍വലിക്കാം.

എടിഎം കം ഡെബിറ്റ്‌ കാര്‍ഡ്‌, ലോക്കര്‍ സൗകര്യം, ഇന്റര്‍നെറ്റ്‌- മൊബൈല്‍ ബാങ്കിംഗ്‌, ഫോണ്‍ ബാങ്കിംഗ്‌ തുടങ്ങിയ സൗകര്യങ്ങള്‍ സേവിംഗ്‌സ്‌ അക്കൗണ്‌ടിനൊപ്പം ലഭ്യമാണ്‌. വൈദ്യുതി ബില്‍, ടെലിഫോണ്‍ ബില്‍ മറ്റ്‌ ചെലവുകള്‍, വായ്‌പയുടെ പ്രതിമാസ ഗഡു തുടങ്ങിയവയെല്ലാം ഇലക്‌ട്രോണിക്‌ ക്‌ളിയറിംഗ്‌ സിസ്റ്റം വഴി അടയ്‌ക്കുവാന്‍ സാധിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗാണ്‌ മറ്റൊരു സൗകര്യം.
അമ്പതിനായിരം രൂപയ്‌ക്കു മുകളില്‍ കാഷ്‌ ആയി അക്കൗണ്‌ടില്‍ ഡിപ്പോസിറ്റ്‌ ചെയ്യുമ്പോള്‍ പാന്‍ നമ്പര്‍ വിവരങ്ങള്‍ നല്‌കണം. ചെക്ക്‌, പിന്‍വലിക്കല്‍ സ്‌ളിപ്‌ തുടങ്ങിയവ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാം. അതേപോലെ ചെക്ക്‌ ഉപയോഗിച്ച്‌ പേമെന്റ്‌ നടത്തുവാനും സാധിക്കും.

പലിശയുള്‍പ്പെടെ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്‌ടിലെ 1 ലക്ഷം രൂപ വരെയുളള തുകയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ലഭ്യമാക്കിയിട്ടുണ്‌ട്‌. ഡിപ്പോസിറ്റ്‌ ഇന്‍ഷുറന്‍സ്‌ ആന്‍ഡ്‌ ക്രെഡിറ്റ്‌ ഗാരന്റി കോര്‍പറേഷനാണ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ നല്‌കുന്നത്‌.

സേവിംഗ്‌സ്‌ അക്കൗണ്‌ടിലെ തുകയക്ക്‌ 4 ശതമാനം കുറഞ്ഞ പലിശ ലഭിക്കും. ഇപ്പോള്‍ ഇതിന്റ പലിശ ബാങ്കുകള്‍ക്ക്‌ സ്വയം നിശ്ചയിക്കാം. 7 ശതമാനം വരെ പലിശ നല്‌കുന്ന ബാങ്കുകളുണ്‌ട്‌.
ഇപ്പോള്‍ 10 വയസ്‌ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കും സ്വതന്ത്രമായി സേവിംഗ്‌സ്‌ അക്കൗണ്‌ട്‌ തുറക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും അനുമതിയുണ്‌ട്‌.

ബേസിക്‌ സേവിംഗ്‌സ്‌ ബാങ്ക്‌ ഡിപ്പോസിറ്റ്‌ അക്കൗണ്‌ട്‌

നോ ഫ്രില്‍ അക്കൗണ്‌ടാണിത്‌. ഇതില്‍ മിനിമം ബാലന്‍സ്‌ വേണമെന്നു നിര്‍ബന്ധമില്ല. ഒരു വ്യക്തി്‌ ഒരു ബാങ്കില്‍ ഇത്തരത്തിലുളള ഒരു അക്കൗണ്‌ട്‌ തുറക്കുവാനേ അനുവാദമുളളു. ആ ബാങ്കില്‍ മറ്റ്‌ സേവിംഗ്‌സ്‌ അക്കൗണ്‌ട്‌ തുറക്കുവാനും പാടില്ല. ഉണെ്‌ടങ്കില്‍ അതു ക്‌ളോസ്‌ ചെയ്യണം. എന്നാല്‍ ടേം ഡിപ്പോസിറ്റ്‌ അക്കൗണ്‌ട്‌, കറന്റ്‌ അക്കൗണ്‌ട്‌ തുടങ്ങിയവ തുറക്കാം. എല്ലാ ഇടപാടുകാര്‍ക്കും ഈ അക്കൗണ്‌ട്‌ തുറക്കാം. അടിസ്ഥാന ബാങ്കിംഗ്‌ സേവനം ലഭിക്കുന്നതിനുളള അക്കൗണ്‌ടാണിത്‌.
ഈ അക്കൗണ്‌ടിലെ ബാലന്‍സ്‌ 50000 രൂപയില്‍ കുടുതല്‍ വരുവാന്‍ പാടില്ല. ഒരു വര്‍ഷം ഇതില്‍ ക്രെഡിറ്റ്‌ ചെയ്യുന്ന തുക 1 ലക്ഷം രൂപയില്‍ കൂടുവാന്‍ പാടില്ല. അതേപോലെ ഒരു മാസം പിന്‍വലിക്കാവുന്ന പരമാവധി തുക 10000 രൂപയാണ്‌. തുടക്കത്തില്‍ ഒരു വര്‍ഷത്തേയ്‌ക്കാണ്‌ ഈ അക്കൗണ്‌ടിന്റെ കാലാവധി. പിന്നീട്‌ ഇത്‌ 1 വര്‍ഷത്തേയ്‌ക്കുകൂടി നീട്ടാം. ഈ അക്കൗണ്‌ട്‌ തുറക്കാന്‍ ഡിപ്പോസിറ്റ്‌ വേണമെന്നില്ല.

ശമ്പള അക്കൗണ്‌ട്‌

ഒരു സ്ഥാപനത്തിലെ എല്ലാജോലിക്കാര്‍ക്കും അക്കൗണ്‌ട്‌ തുറക്കാന്‍ ഒരു പ്രത്യേക ബാങ്ക്‌ ഓഫര്‍ നല്‌കുന്നതാണ്‌ ഇത്‌. ജീവനക്കാരുടെ ശമ്പളം ഈ അക്കൗണ്‌ടിലേയ്‌ക്കാണ്‌ എത്തുക. മിനിമം ബാലന്‍സ്‌ നിര്‍ബന്ധമില്ല. എടിഎം കം ഡെബിറ്റ്‌ കാര്‍ഡ്‌ ലഭിക്കും. മള്‍ട്ടി സിറ്റി ചെക്ക്‌ അധികച്ചെലവ്‌ ഇല്ലാതെ ലഭിക്കും. പണം പിന്‍വലിക്കുന്നതിന്‌ നിയന്ത്രണങ്ങളില്ല.

സ്വീപ്‌ ഇന്‍ അക്കൗണ്‌ട്‌

സേവിംഗ്‌സ്‌ ബാങ്കിന്റെ ലിക്വിഡിറ്റിയും സ്ഥിരനിക്ഷേപത്തിന്റെ ഉയര്‍ന്ന പലിശയും ലഭ്യമാക്കുന്ന അക്കൗണ്‌ടാണിത്‌. സേവിംഗ്‌സ്‌ അക്കൗണ്‌ടിനെ സ്ഥിരനിക്ഷേപവുമായി ബന്ധിപ്പിച്ചുകൊണ്‌ടുളള അക്കൗണ്‌ടാണിത്‌. സേവിംഗ്‌സ ബാങ്ക്‌ നിഷ്‌കര്‍ഷിച്ചിട്ടുളള മിനിമം ബാലാന്‍സിനു മുകളില്‍ വരുന്ന തുക ഒന്നോ അതിലധികമോ വര്‍ഷത്തേയ്‌ക്കുളള സ്ഥിര ഡിപ്പോസിറ്റായി മാറ്റുന്നു. ഇത്തരത്തിലുളള ഡിപ്പോസിറ്റുകളെല്ലാം സേവിംഗ്‌ അക്കൗണ്‌ടുമായി ബന്ധിപ്പിച്ചിട്ടുളളതിനാല്‍ ഏതു സമയവും പണം പിന്‍വലിക്കുവാന്‍ സാധിക്കും.

ചില്‍ഡ്രന്‍സ്‌ അക്കൗണ്‌ട്‌, സ്‌ത്രീകള്‍ക്കുളള അക്കൗണ്‌ട്‌, മുതിര്‍ന്ന പൗരന്മാര്‍ക്കുളള അക്കൗണ്‌ട്‌, പ്രവിലേജ്‌ ബാങ്കിംഗ്‌ എന്നിങ്ങനെ പലതരത്തിലുളള സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്‌ടുകള്‍ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നുണ്‌ട്‌.

ഓര്‍മിക്കാന്‍

അക്കൗണ്‌ട്‌ തുറക്കുമ്പോള്‍ നോമിനേഷന്‍ ഫോമും കൂടി പൂരിപ്പിക്കുക. അക്കൗണ്‌ട്‌ ഉടമ മരണമടഞ്ഞാല്‍ അക്കൗണ്‌ട്‌ പ്രയാസം കൂടാതെ അവസാനിപ്പിക്കുവാന്‍ സാധിക്കുന്നു.

അക്കൗണ്‌ട്‌ തുറക്കുന്നതിന്‌ മുമ്പ്‌ ചോദിച്ചു മനസിലാക്കേണ്‌ടത്‌

* മിനിമം ബാലന്‍സ്‌ എത്ര സൂക്ഷിക്കണം
* മിനിമം ബാലന്‍സ്‌ നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നല്‌കേണ്‌ടി വരുന്ന പിഴ
* ചെക്ക്‌ കളക്‌ഷന്‍ ചാര്‍ജുകള്‍
* ചെക്ക്‌ ബുക്ക്‌ ലഭിക്കുന്നതിന്‌ ഈടാക്കുന്ന ചാര്‍ജുകള്‍.
* ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി, തവണ, കാഷ്‌ പിന്‍വലിക്കല്‍ തുടങ്ങിയവ
* ഇഷ്യു ചെയ്‌ത ചെക്ക്‌ മടങ്ങുക, ഡിപ്പോസിറ്റ്‌ ചെയ്‌ത ചെക്ക്‌ പണമില്ലാതെ മടങ്ങിയാല്‍ തുടങ്ങിയവയ്‌ക്കുളള പിഴ.

അക്കൗണ്‌ട്‌ എവിടെ, എങ്ങനെ?

ദേശസാല്‍കൃത ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയവയില്‍ അക്കൗണ്‌ട്‌ തുറക്കാം.

ഒരിക്കല്‍ അക്കൗണ്‌ട്‌ തുറക്കുവാന്‍ തീരുമാനിച്ചാല്‍ ആദ്യമായി ഏതു ബാങ്കാണ്‌ സൗകര്യപ്രദമെന്നു നിശ്ചയിക്കുക. അതു നിശ്ചയിച്ചു കഴിഞ്ഞാല്‍ എളുപ്പമായി. രേഖകളുമായി ബാങ്കില്‍ ചെല്ലുക, അവരുടെ അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‌കുക.

No comments:

Post a Comment